Kerala
ചങ്ങനാശേരി: വലിയൊരു ചരിത്രമുഹൂർത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന ബോധ്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഈ ചടങ്ങിനു സ്വാഗതം ആശംസിക്കുന്നതെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ.
ആദരണീയനായ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനെ ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ലഭിച്ചത് ഈ കലാലയത്തിനു കിട്ടിയ ബഹുമതിയാണ്. 1922ൽ മാർ തോമസ് കുര്യാളശേരി സ്ഥാപിച്ച എസ്ബി കോളജ് ശതാബ്ദി ആഘോഷം പൂർത്തിയാക്കുന്പോൾ ഇക്കാലമത്രയും ഈ സ്ഥാപനത്തെ വഴി നടത്തിയ, ആദ്യത്തെ പ്രിൻസിപ്പൽ ഫാ. മാത്യു പുരയ്ക്കൽ അടക്കം എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു.
1922ൽ പാറേൽ സെമിനാരി ബിൽഡിംഗിലായിരുന്നു കോളജിനു തുടക്കം. ഇന്ന് എൻഐആർഎഫ് റാങ്കിംഗിൽ രാജ്യത്തിന് 56-ാം സ്ഥാനത്തും കേരളത്തിലെ കോളജുകളിൽ നാലാമതും എസ്ബി ഇടം നേടിയിട്ടുണ്ട്. മികച്ച കോളജിനുള്ള ആർ. ശങ്കർ അവാർഡ് രണ്ടു പ്രാവശ്യം നേടി.
കേരളത്തിലെ രണ്ടു മുഖ്യമന്ത്രിമാരും മറ്റ് അനേകം നേതാക്കളും ചലച്ചിത്ര കായിക താരങ്ങളും ശാസ്ത്രജ്ഞരുമൊക്കെ എസ്ബിയുടെ സന്താനങ്ങളായുണ്ടെന്നത് അഭിമാനത്തോടെ ഓർക്കുന്നു. ക്രിസ്മസ് കാലത്തു രാജ്ഭവനിൽ വച്ചാണ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്തത്. അദ്ദേഹത്തിന്റെ സൗഹാർദപരമായ ഇടപെടൽ ആരെയും ആകർഷിക്കുമെന്നും ആർച്ച്ബിഷപ് പറഞ്ഞു.
Kerala
എസ്ബി കോളജിലെ പ്രശസ്തമായ ക്രിസ്തുരാജ ടവറിന്റെ തടിയില് നിര്മിച്ച ത്രിമാനമാതൃക ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു സ്നേഹസമ്മാനം.
ശതാബ്ദി സമാപന ചടങ്ങിലാണ് കോളജിന്റെ പേട്രണ് ആര്ച്ച്ബിഷപ് മാര് തോമസ് തറയിലും കോളജ് പ്രിന്സിപ്പല് ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പിലും ചേര്ന്ന് ഉപരാഷ്ട്രപതിക്ക് ടവറിന്റെ ആകര്ഷകമായ മാതൃക കൈമാറിയത്.
ഇതോടെ എസ്ബി കോളജിലെ ടവറിന്റെ പ്രശസ്തി ഉപരാഷ്ട്രപതി ഭവനിലും എത്തിച്ചേരും. ചങ്ങനാശേരി നഗരത്തിന്റെ ഏതുദിക്കില് നിന്നാലും എസ്ബി കോളജ് ടവര് ആകര്ഷകമായ കാഴ്ചയാണ്. എസ്ബിയുടെ തലയെടുപ്പും ഈ ടവര്തന്നെ.
Kerala
ചങ്ങനാശേരി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശൂരില്നിന്നു തനിക്കു കിട്ടിയ ഒരു ഉപഹാരം എസ്ബി കോളജിനു സമ്മാനിച്ചു.സ്വര്ണനിറമുള്ള നെറ്റിപ്പട്ടത്തിന്റെ മാതൃകയാണ് കോളജിനു സമ്മാനമായി നല്കിയത്.
ഞാന് തൃശൂര്നിന്ന് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. കോളജിലെ പൂര്വവിദ്യാര്ഥികളും ചലച്ചിത്ര പ്രതിഭകളുമായ പ്രേംനസീര്, എം.ജി. സോമന്, കുഞ്ചാക്കോ ബോബന് എന്നിവര്ക്കുവേണ്ടി സമര്പ്പിക്കുന്നു.
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഈ സമ്മാനം കോളജിനു സമര്പ്പിക്കണമെന്നും പ്രസംഗത്തില് സുരേഷ് ഗോപി അഭ്യര്ഥിച്ചു.
ഇതിന്പ്രകാരം ഉപരാഷ്ട്രപതി ഈ ഉപഹാരം ആര്ച്ച്ബിഷപ് മാര് തോമസ് തറയില്, പ്രിന്സിപ്പല് ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറമ്പില് എന്നിവര്ക്കു കൈമാറി.
Kerala
കണ്ണൂർ: ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും വർക്കലയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി സ്മാരക സമ്മേളന ഛായാചിത്ര ജാഥ മൂന്നിന് പയ്യന്നൂരിൽ നിന്ന് ആരംഭിക്കും.
പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ ഉച്ചകഴിഞ്ഞു മൂന്നിന് എഴുത്തുകാരൻ ടി. പദ്മനാഭൻ ഛായാചിത്ര ജാഥ ഉദ്ഘാടനം ചെയ്യുമെന്ന് സജീവ് ജോസഫ് എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു. കൊല്ലം ആശ്രാമം മൈതാനിയിൽ ആറിനാണ് ശതാബ്ദി സ്മാരക സമ്മേളനം. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
മൂന്നിന് പയ്യന്നൂരിൽ നിന്നാരംഭിക്കുന്ന ഛായാചിത്ര ജാഥ അന്ന് വൈകുന്നേരം അഞ്ചിന് കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെത്തും. തലശേരി, കോഴിക്കോട്, തിരുനാവായ, ഗുരുവായൂർ, ആലുവ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
Leader Page
ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ നിർണായകമായി അടയാളപ്പെടുത്തപ്പെട്ട സെന്റ് ബെർക്കുമൻസ് കോളജ് സ്ഥാപിതമാകുന്നത് 1922ലാണ്. പിന്നീടുള്ള നൂറു വർഷങ്ങളിൽ എസ്ബി മികവിന്റെ, മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ ചുരുക്കെഴുത്തായി മാറി. പഠിച്ചിറങ്ങിയവർ തങ്ങളുടെ കുട്ടികളെയും ആ പഠിപ്പുര കയറ്റിവിട്ടു.
അക്കാദമികരംഗത്ത് എസ്ബിയുടെ ചരിത്രം അനുക്രമമായ വികാസത്തിന്റേതായിരുന്നു. ഒരിക്കലും എസ്ബിയുടെ അക്കാദമിക് ഗ്രാഫ് താഴേക്കു പോയിട്ടില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് എസ്ബി നൽകുന്ന മാതൃകയും അതാണ്. മഹത്തായ പാരമ്പര്യവും ഉജ്വലമായ വർത്തമാനകാലവും ഇവിടെ സമന്വയത്തിലാണ്. ഇന്ന്, ഇന്ത്യയിലെ ഏറ്റവും മികച്ച കോളജുകളെ പട്ടികപ്പെടുത്തുന്ന എൻഐആർഎഫിന്റെ റാങ്കിൽ എസ്ബി 56-ാം സ്ഥാനത്താണ്. കേരളത്തിലെ കോളജുകളിൽ അഞ്ചാമതും.
കേരളത്തിലെ മികച്ച കോളജിനുള്ള ആർ. ശങ്കർ അവാർഡ് രണ്ടു പ്രാവശ്യം, ‘നാക്കി’ന്റെ ഫൈവ് സ്റ്റാർ അക്രഡിറ്റേഷൻ, കേരളത്തിലെ ആദ്യത്തെ ഓട്ടോണമസ് കോളജ് കാലത്തോട് സംവദിച്ചും പ്രതിസന്ധികളെ തരണംചെയ്തും എസ്ബി സ്വരൂപിച്ചതാണ് ഇതെല്ലാം.
ക്രിസ്തുരാജ ടവർ
ചങ്ങനാശേരി അതിരൂപതയുടെ ഉന്നതമായ ദർശനങ്ങളാണ് എസ്ബിയുടെ വഴിവെളിച്ചം. എസ്ബിയുടെ മുഖമുദ്ര ഗോഥിക് ശൈലിയിൽ തലയുയർത്തി നിൽക്കുന്ന ടവറും വാനവിതാനനങ്ങളിൽനിന്ന് ലോകത്തെ അനുഗ്രഹിക്കുന്ന ക്രിസ്തുരാജനുമാണ്.
ഉയർന്നു നിൽക്കുന്ന ഈ നിർമിതി മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ നെഞ്ചുറപ്പിന്റെ അടയാളമാണ്. 100 കൊല്ലത്തെ ചരിത്രത്തിൽ വിദ്യാർഥി പ്രവേശത്തിലും അധ്യാപക നിയമനത്തിലും മികവായിരുന്നു എസ്ബി മാനേജ്മെന്റിന്റെ പ്രധാന പരിഗണനാവിഷയം. കോളജിന്റെ ടവറിൽ ലോകത്തെ അനുഗ്രഹിച്ചു നിൽക്കുന്ന ക്രിസ്തു ക്രൈസ്തവ വിദ്യാഭ്യാസദർശനത്തിന്റെ കാതലാണ്.
പോയനൂറ്റാണ്ടിന്റെ അധരമുദ്രകൾ പതിഞ്ഞ തിരുസ്വരൂപത്തിൽ കാലത്തോട് എസ്ബി പറഞ്ഞതും ഇനി പറയാനിരിക്കുന്നതും ഉണ്ട്. അഹന്തയുടെ കിരീടമല്ല മുള്ളുള്ള നക്ഷത്രങ്ങൾ ചൂടിയവനാണ് അവൻ. ഉന്നതവിതാനങ്ങളിലാണെങ്കിലും ലോകത്തിന് അനുഗ്രഹം ചൊരിയുന്നു.
അടിമത്തവും സ്വാതന്ത്ര്യവും കണ്ട എസ്ബിയുടെ ഒരു നൂറ്റാണ്ട് അവസാനിക്കുന്നു. നവോത്ഥാനവും പടയൊരുക്കങ്ങളും ഉൾക്കിടിലങ്ങളും കടന്ന്, അമ്പരപ്പിക്കുന്ന വേഗവും പുതിയ സാങ്കേതികവിദ്യയുമായി ജെൻസികൾ വന്നു. ആർട്സ് ആൻഡ് സയൻസ് കോളജുകളുടെ പ്രതാപകാലം കഴിഞ്ഞെന്നു പറയുന്നുവെങ്കിലും എസ്ബിയിലെ ക്ലാസ് മുറികൾ സജീവമാണ്. എത്രയെത്ര തലമുറകളാണ് ഈ തുറമുഖത്ത് നങ്കൂരമിട്ടത്. എന്നും എസ്ബി മന്ത്രിക്കുന്നത് ‘നക്ഷത്രങ്ങളോട് ഭൂമിയെ നോക്കാനും കണ്ണുകളോട് ആകാശങ്ങളെ നോക്കാനും’ തന്നെ.
മോൺ. ആന്റണി എത്തയ്ക്കാട്ട് (മാനേജർ എസ്ബി കോളജ്)
തിരുവിതാംകൂർ രാജാക്കന്മാരുടെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകിയിരുന്ന അധ്യാപകനായിരുന്നു ആർ.പി. കുളന്തൈസ്വാമിപ്പിള്ള. എസ്ബി കോളജിലെ ആദ്യകാല അധ്യാപകരിൽ ഒരാളാണദ്ദേഹം. പുതുതായി ആരംഭിച്ച എസ്ബി കോളജിൽ ക്ലാസുകൾ തുടങ്ങി. ഏതാനും ദിവസങ്ങൾ പിന്നിട്ടു. കുളന്തൈസ്വാമിപ്പിള്ള സാർ ക്ലാസിൽ നിറഞ്ഞാടുകയാണ്. അപ്പോൾ ഒരു കുട്ടി ക്ലാസിന്റെ വാതിലിനുമുമ്പിൽ പ്രത്യക്ഷപ്പെട്ടു. കൈയിൽ ഒരു ലെറ്ററുമുണ്ട്. പുതിയ അഡ്മിഷനാണ്. സാർ ക്ലാസിലേക്ക് ഒന്നു നോക്കി. അഞ്ചും ആറും പേർക്കിരിക്കാവുന്ന ബെഞ്ചിൽ എട്ടും ഒൻപതും പേരാണിരിക്കുന്നത്. ക്ലാസിൽ നിറഞ്ഞിരിക്കുകയാണ് 125 പേർ. ഇനി ഇവനെ എവിടെ ഇരുത്തും. അദ്ദേഹം വിഷമിച്ചു. എങ്കിലും അവനെയും ക്ലാസിൽ കയറ്റി. എസ്ബി കോളജിന്റെ ആദ്യബാച്ചിലെ ഈ 126-ാമനാണ് വി.വി. ജോൺ. അദ്ദേഹം പിന്നീട് ജോഡ്പുർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും ഇന്ത്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനുമായി.
1952ല് ശ്രി ചിത്തിര തിരുനാള് മഹാരാജാവ്, 1986ല് രാഷട്രപതി ഗ്യാനി സെയില്സിംഗ്, 1992ല് ലോകസഭാ സ്പീക്കര് ശിവരാജ്പാട്ടീല്, 1997ല് ഉപരാഷ്ട്രപതി കെ.ആര്. നാരായണന്, 2005ല് രാഷ്ട്രപതി എ.പി.ജെ. അബ്ദുള് കലാം തുടങ്ങിയവര് എസ്ബി കോളജ് സന്ദര്ശിച്ച പ്രമുഖരില്പ്പെടുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൊബേല് സമ്മാനജേതാക്കളും എസ്ബിയുടെ കാമ്പസിലെത്തിയിട്ടുണ്ട്.
125 വിദ്യാർഥികളുമായാണ് പാറേൽപ്പള്ളിക്ക് സമീപം 1922 ജൂൺ 19ന് എസ്ബി കോളജ് തുടങ്ങിയത്. ഇപ്പോൾ മൂവായിരത്തോളം വിദ്യാർഥികളും 140 അധ്യാപകരുമുണ്ട്. 10 റിസർച്ച് ഡിപ്പാർട്ട്മെന്റുകൾ, 15 മേജർ കോഴ്സുകൾ, 22 മൈനർ കോഴ്സുകൾ, 22 മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ, 19 വാല്യു ആഡഡ് കോഴ്സുകൾ, 16 സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന കലാലയമാണ് ഇപ്പോൾ എസ്ബി.
Kerala
കോട്ടയം: ചങ്ങനാശേരി സെന്റ് ബെര്ക്കുമന്സ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം 28നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് കോളജിലെ ആര്ച്ച്ബിഷപ് കാവുകാട്ട് ഹാളില് നടക്കുന്ന ചടങ്ങില് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. 2022ല് കോളജ് നൂറു വര്ഷം പൂര്ത്തിയാക്കിയെങ്കിലും കോവിഡ് നിയന്ത്രണങ്ങള് മൂലം മാറ്റിവച്ച ഔദ്യോഗിക സമാപന ചടങ്ങുകളാണ് വിപുലമായ പരിപാടികളോടെ നടത്തുന്നത്.
പാറേല്പ്പള്ളിക്കുസമീപം 1922ല് പ്രവര്ത്തനം ആരംഭിച്ച് 1925ല് നിലവിലെ കാമ്പസിലേക്ക് കോളജ് മാറ്റിസ്ഥാപിച്ചതിന്റെ നൂറാം വാര്ഷികം കൂടിയാണിത്. ചരിത്രമുഹൂര്ത്തം ആഘോഷമാക്കാന് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ കോളജ് രക്ഷാധികാരിയായ ചങ്ങനാശേരി ആര്ച്ച്ബിഷപ് മാര് തോമസ് തറയിലിന്റെ നേതൃത്വത്തില് കോളജ് കവാടത്തില് സ്വീകരിക്കും. തുടര്ന്ന് കാവുകാട്ട് ഹാളില് കോളജ് ശതാബ്ദി സമാപന സമ്മേളനം നടക്കും.
ആര്ച്ച്ബിഷപ് മാര് തോമസ് തറയില് സ്വാഗതം ആശംസിക്കും. കേരള ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്ലേക്കര്, മന്ത്രി വി.എന്. വാസവന്, കൊടിക്കുന്നില് സുരേഷ് എംപി എന്നിവര് പ്രസംഗിക്കും. തുടര്ന്ന് ശതാബ്ദി സ്മാരകമായി കോളജില് സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രം ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോര് എനര്ജി ആന്ഡ് എണ്വയോണ്മെന്റിന്റെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിര്വഹിക്കും.
കോളജ് മാനേജര് ഫാ. ആന്റണി ഏത്തയ്ക്കാട്, പ്രിന്സിപ്പല് റവ.ഡോ. റ്റെഡി കാഞ്ഞുപ്പറമ്പില്, ഡോ. സിബി ജോസഫ്, ഡോ. ബിന്ദു മാത്യു ജോബ് എന്നിവര് നേതൃത്വം നല്കും. ശതാബ്ദിയോടനുബന്ധിച്ച് വിവിധ വകുപ്പുകള് സെമിനാറുകള് സംഘടിപ്പിച്ചു.
ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കി, നോബേല് ജേതാക്കളായ മാര്ട്ടിന് കാഫ്, ആന്റണി ജയിംസ് ലെഗറ്റ്, റിച്ചാര്ഡ് ജെ. റോബര്ട്ട്സ് എന്നിവര് വിവിധ സെമിനാറുകളില് പേപ്പറുകള് അവതരിപ്പിച്ചതായും റവ.ഡോ. ജോസ് ജേക്കബ് മുല്ലശേരി, ഡോ. നെവില് തോമസ്, ബിന്സ് എം. മാത്യു എന്നിവര് അറിയിച്ചു.